സുൽത്താൻ ബത്തേരി: വേനൽമഴ ശക്തിപ്രാപിച്ചതും നെൽവയലുകളിൽ കളകളുടെ വ്യാപനം കൂടിയതും ജില്ലയിലെ പുഞ്ചക്കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
കൊയ്ത്ത് സമയത്തേക്ക് എത്തിയ പാടശേഖരങ്ങളിൽ ദിവസങ്ങളായി തുടരുന്ന മഴ മൂലം വെള്ളം കെട്ടിനിൽക്കുന്നത് കൊയ്ത്തിനെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനൊപ്പം തൊഴിലാളികളുടെ ക്ഷാമവും കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യതക്കുറവും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ പുഞ്ച കൃഷി ഈ വർഷം മികച്ച രീതിയിൽ നടത്തിയിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനംമൂലം കൊയ്ത്ത് ഘട്ടത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. മഴയെത്തുടർന്ന് വയലുകളിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യന്ത്രങ്ങൾ ഇറക്കുന്നതിനും ബുദ്ധിമുട്ടായി. ചെറിയ തോതിൽ കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാൻ ഉടമകൾക്ക് സാധിക്കാത്ത സാഹചര്യവുമുണ്ട്. കാലവർഷം ആരംഭിക്കുന്നതിന് മുന്പ് നെല്ല് കൊയ്ത് ശേഖരിക്കാനാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
മഴ തുടർന്നാൽ നെല്ല് വയലിൽ കുതിർന്ന് ഗുണനിലവാരം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. ചില ഭാഗങ്ങളിൽ നെൽക്കതിരുകൾ മണ്ണിലേക്ക് ചായാനും തുടങ്ങി. ഇതിനിടെ വ്യാപകമായി വളർന്ന കളകൾ നെൽകൃഷിക്ക് ഭീഷണിയായി. കതിരിനൊപ്പം ഉയരത്തിൽ വളർന്നിരിക്കുന്ന കളകൾ കൊയ്ത്തിനെ കൂടുതൽ ദുഷ്കരമാക്കുന്നതായി കർഷകർ പറയുന്നു. കളകൾ നീക്കം ചെയ്യാതെ കൊയ്ത്ത് നടത്തിയാൽ അടുത്ത കൃഷിക്കാലത്തും അതേ കളകൾ വ്യാപകമായി പടരാൻ സാധ്യതയുണ്ടെന്നത് ആശങ്ക ഉയർത്തുന്നു.
സാധാരണ വേനൽക്കാലങ്ങളിൽ വയലുകളിൽ വളരുന്ന കളകൾ ഉണങ്ങി നശിക്കുകയോ കത്തിച്ച് കളയുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഇടവിട്ട് മഴ പെയ്തതിനാൽ കളകൾക്ക് വളരാൻ അനുകൂല സാഹചര്യമാണുള്ളത്. വെള്ളക്കെട്ടും ഈർപ്പവും കളവളർച്ച വേഗത്തിലാക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. പല പാടശേഖരങ്ങളിലും കൊയ്ത്തന്ത്രങ്ങൾ വഴിയാണ് കളവിത്തുകൾ വ്യാപകമായി എത്തുന്നതെന്നാണ് കർഷകരുടെ ആരോപണം.
ഒരു വയലിൽ ഉപയോഗിച്ച യന്ത്രങ്ങൾ വൃത്തിയാക്കാതെയാണ് മറ്റിടങ്ങളിലേക്ക് മാറ്റുന്നതെന്നും അതുവഴി വിവിധയിനം കളകൾ പടരുന്നതായും അവർ പറയുന്നു. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ ഈ വർഷത്തെ പുഞ്ച കൃഷി വലിയ സാന്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ നെൽകർഷകർ.